കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928) . ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായതത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്.

Comments
Post a Comment